Sunday 1 July 2007

അദ്ധ്യായം 51-60

രണ്ടാം ഭാഗം: ഭൗതികപ്രകരണം

51. വരണം 

ധർമ്മാർത്ഥ കാമങ്ങളിലും ജീവനിൽ ഭയപ്പാടിലും 
ശോധനാ ചെയ്തശേഷം താൻ വ്യക്തിയെ നിർണ്ണയിക്കണം 

കുലജൻ, കുറ്റമില്ലാത്തോൻ, പഴി പേടിച്ചു പാപങ്ങൾ 
ചെയ്വാൻ നാണമിയന്നവൻ വിശ്വാസത്തിലെടുക്കലാം 

ഏറെ ഗ്രന്ഥം പഠിച്ചോനും കുറ്റമറ്റവനാകിലും 
സൂക്ഷ്മശോധനയിൽ വിദ്വാനാണെങ്കിൽ യോഗ്യനാണയാൾ 

ഗുണങ്ങളും ദോഷങ്ങളുമാരാഞ്ഞു പരികീർത്തിച്ചു 
ഭാരമുള്ള വിഭാഗത്തിൽ വ്യക്തിയെച്ചേർത്തു ചൊല്ലണം 

മാന്യനോ ഹീനനോയെന്ന തീരുമാനമെടുക്കുവാൻ 
ഉരകല്ലായ് യഥാർത്ഥത്തിൽ വ്യക്തി കർമ്മങ്ങൾ തന്നെയാം 

സമൂഹബന്ധമില്ലാത്തോർ വിശ്വസ്തരായ് ഗണിച്ചിടാ 
പഴിയിൽ ഭയമില്ലാത്തോരാകയാൽ പിഴ ചെയ്തിടും 

സ്നേഹബന്ധം കണക്കാക്കി വിജ്ഞനല്ലാത്ത വ്യക്തിയെ 
വിശ്വസ്തനായ് വരിച്ചെന്നാലജ്ഞാനം പെരുതായ് വരും 

ബന്ധമില്ലാത്തവൻ സ്വന്തമെന്ന ഭാവത്തിലേൽക്കുകിൽ 
തനിക്കും താവഴിക്കാർക്കും ദുഃഖത്തിന്നിടയായിടും 

പരിശോധന കൂടാതെയെടുത്തീടരുതാരെയും 
എടുത്തപിൻ സന്ദേഹത്തിൽ നിറുത്തുന്നതഭംഗിയാം 

ശോധിക്കാതെയെടുത്താലും ശോധിച്ചെടുത്തവൻ മേലേ 
സന്ദേഹിച്ചു നടന്നാലും ഖേദത്തിന്നിടയായിടും 

52. ഭാരവാഹികൾ 

നന്മതിന്മകളാരാഞ്ഞു നന്മ മാത്രം ഗ്രഹിച്ചിടും
വിവേകി കർമ്മയോഗ്യനായെന്നും സ്വീകാര്യനായിടും 

വരുമാനം, വരും മാർഗ്ഗം പെരുപ്പിച്ചും, തടസ്സങ്ങൾ 
നീക്കാൻ കേൽപ്പുടയോൻ തന്നെ കർമ്മത്തിന്നനുയോജ്യനാം 

സ്നേഹം, വിശ്വസ്തതാ, വസ്തുബോധ, മത്യാർത്ഥിമോചനം 
ഏതൽ ചതുർഗുണത്താലേ യോഗ്യനെന്നറിയപ്പെടും 

സർവ്വശോധനയും തേറി പ്രഗത്ഭനായിക്കാൺകിലും 
പ്രത്യേക തൊഴിലിൽ പ്രാപ്തർ ലോകത്തിൽ പലർ കാണലാം

പൂർണ്ണമായ് വേല ചെയ്വാനായ് കഴിവുള്ളവരല്ലാതെ 
യോഗ്യരെന്ന് നിനപ്പോരെ ജോലിക്ക് നിയമിച്ചിടാ 

തൊഴിലാളിയെയും പിന്നെ തൊഴിൽ ചെയ്യുന്ന രീതിയും 
ഗൗനിച്ചു സമയം നോക്കി തൊഴിലിൽ നിശ്ചയിക്കണം 

ഒരു ജോലിയൊരുത്തൻ തൻ വശമുള്ളായുധത്താലേ 
ചെയ്യുമെന്നുസ്ഥിരപ്പെട്ടാലവന്നാ ജോലി നൽകലാം  

തൊഴിലിന്നൊരാൾ യോഗ്യനെന്നുറപ്പായിക്കഴിഞ്ഞെന്നാൽ 
അത്തൊഴിൽ പണിയാൻ പോരുമുന്നതസ്ഥാനമേകണം 

തൊഴിൽ തൽപ്പരനായുംകൊണ്ടതിൽ മുഴ്കിയിരിപ്പോനിൽ 
അതൃപ്തി ഭാവിക്കുന്നെങ്കിലൈശ്വര്യം കെട്ടടങ്ങിടും 

രാജഭൃത്യർ കെടാതങ്ങു വാഴുകിൽ രാജ്യവും കേടാ;
ആകയാലവർ നീക്കങ്ങൾ മന്നവൻ ശ്രദ്ധവെക്കണം 

53. സ്വജനം 

ഒരുത്തൻ കാലദോഷത്താൽ ദാരിദ്ര്യത്തിൽ പതിക്കിലും 
മുൻകാലസ്നേഹബന്ധങ്ങൾ സ്വജനങ്ങളിൽ കാണലാം 

സ്വജനസ്നേഹമെപ്പോഴും കുറയാതെലഭിക്കുകിൽ 
പലരൂപത്തിലും സ്വന്തം ശക്തിയേറിവരുന്നതാം 

കുഡുംബാദികളും ചേർന്നു കലർന്നു കഴിയാത്തവൻ 
കരയില്ലാക്കുളത്തിങ്ങൽ നീർ നിറഞ്ഞത് പോലെയാം 

ധനപുഷ്ടിവരും കാലം സ്വജനങ്ങളെയൊക്കെയും 
സ്നേഹിച്ചു തഴുകിക്കൂടെ നിർത്തി ജീവിപ്പതാം സുഖം 

ദാനശീലമതോടൊപ്പം വാക്മാധുര്യമുള്ളവൻ 
സ്നേഹമായ് സ്വജനത്താലേ ചുറ്റപ്പെട്ടു കഴിഞ്ഞിടാം 

കോപമില്ലായ്മയും വാരിക്കൊടുപ്പും ശീലമായവൻ 
സ്നേഹബന്ധം പുലർത്തുന്നോനതുല്യൻ ലോകദൃഷ്ടിയിൽ 

കാകൻ കൊറ്റു ലഭിക്കുമ്പോൾ കൂകിക്കൂട്ടുന്നു കൂട്ടരെ 
അത്തരം ശീലമുണ്ടായാൽ ശക്തിവർദ്ധിച്ചു വന്നിടും 

മേന്മയും താഴ്മയും മന്നൻ ജനമദ്ധ്യേ പുലർത്തുകിൽ 
ചൂഷണം ചെയ്തു ജീവിക്കാൻ സ്വന്തക്കാരേറെ മുൻവരും 

യാതൊരു കാരണത്താലേ സ്വജനം വിട്ടുപോകുകിൽ 
കാരണം വിട്ടുമാറുമ്പോൾ വീണ്ടും താനേയടുത്തിടും 

പിരിഞ്ഞു പോയവൻ വന്നാലാഗ്രഹം നിറവേറ്റിപ്പിൻ 
പരിശോധന ചെയ്തിട്ടു ഭൂപാലൻ കൂടെ നിർത്തണം 

54. മറതി 

അതിമോദത്താലുണ്ടാകും വിസ്മൃതി കാരണത്താലെ 
വീഴ്ചകൾ സംഭവിച്ചീടിൽ കോപത്തേക്കാൾ വിനാശമാം 

തുടർന്ന ദാരിദ്ര്യത്താലേ വിവരം കെട്ടു പോണപോൽ 
വിസ്മൃതിയെന്ന ദോഷത്താൽ യശസ്സും കെട്ടുപോയിടും 

മറതിക്കിരയായോർക്ക് കീർത്തിമാനായ്ഭവിക്കുവാൻ 
സാദ്ധ്യമല്ലെന്ന് പൂർവ്വീക ഗ്രന്ഥമെകസ്വരത്തിലാം 

കോട്ടയുള്ളത് കൊണ്ടില്ല ഭയന്നോർക്ക് പ്രയോജനം 
ഓർമ്മയില്ലാത്തവനന്യ നന്മയാലേ ഗുണം വരാ 

ഭാവിയാപത്ത് മുൻകൂട്ടി കണ്ടടക്കാൻ മറന്നവൻ 
ദുഃഖം വന്നു ഭവിക്കുമ്പോൾ വീഴ്ചയോർത്തു തപിച്ചിടും 

കാലമെല്ലാത്തിലും, സർവ്വ തരക്കാരെ സംബന്ധിച്ചും 
വിസ്മരിക്കാതിരുന്നീടിൽ തുല്യമില്ലാത്ത നന്മയാം 

മറക്കാത്ത മനസ്സാലേ കാര്യങ്ങൾ നിറവേറ്റിയാൽ 
അസാദ്ധ്യമായ കാര്യങ്ങളൊന്നുമില്ലെന്ന് ചൊല്ലിടാം 

യോഗ്യരാൽ പറയപ്പെട്ട ധർമ്മങ്ങൾ നിറവേറ്റുവാൻ 
മറന്നാലേഴുജന്മത്തിൽ നന്മയൊന്നും വളർന്നിടാ 

ആഹ്ലാദത്തിൽ മദിക്കുമ്പോളോർക്കണം പണ്ടാഹ്ലാദത്തിൽ 
മറന്ന കാരണത്താലേ കെട്ടുപോയ ജനങ്ങളെ 

നിനച്ച കാര്യമെപ്പോഴുമോർത്തുയത്നം നടത്തുകിൽ 
നിശ്ചയം നിറവേറാത്തതൊന്നുമേയില്ല ഭൂമിയാൽ 

55. ഭരണം 

ഏതു കാര്യത്തിലും പക്ഷഭേദം കൂടാതെ സത്യമായ് 
കാര്യമറിഞ്ഞു വേണ്ടുന്നതെല്ലാം ചെയ്വത് നീതിയാം 

ലോകത്തിൽ ജീവജാലങ്ങൾക്കാശ്രയം മഴയെന്ന പോൽ 
പ്രജകൾക്കാശ്രയം നീതി നിർവ്വഹിക്കുന്ന രാജനാം 

വേദഗ്രന്ഥം പ്രകാശിക്കും ധർമ്മനീതിക്കു മുന്നമായ് 
രാജ്യം രക്ഷിച്ചു പാലിച്ചു രാജനീതി യഥാവിധി 

ലോകം കീഴ്പ്പെട്ടു നിൽക്കുന്നു സ്നേഹപൂർവ്വം ജനങ്ങളെ 
തന്നോടു ചേർന്നു വാഴുന്ന രാജൻ തൻ ചരണങ്ങളിൽ 

നീതിയായ് ഭരണച്ചെങ്കോൽ നിലനിൽക്കുന്ന ഭൂമിയിൽ 
കാലത്തിൽ മഴയുണ്ടാകും കൂടെ നൽവിളക്കും വരും 

രാജ്യത്തിൻ വിജയാധാരം യോധനായുധമല്ലകേൾ 
നീതിപൂർവ്വകമായുള്ള രാജവാഴ്ചയതൊന്നുതാൻ 

ഭൂലോകം മുഴുവൻ രാജൻ രക്ഷിക്കും; ഭരണത്തിൻ കീൾ 
നീതി നിർവഹണം ചെയ്താൽ നീതിരാജന്ന് രക്ഷയാം 

നീതിതേടും ജനത്തെക്കണ്ടെല്ലാം കേട്ടുവിചാരിച്ചു 
നീതി ചെയ്യാൻ കഴിയാത്ത മന്നൻ താനേ നശിച്ചിടും 

പരദ്രോഹം നീക്കി ജനരക്ഷ ചെയ്തപരാധാരെ 
ദണ്ഡിക്കൽ തൊഴിലാകുന്നു രാജന്ന്; പഴിയല്ല കേൾ 

പെരും കുറ്റം ചെയ്യുന്നോരെ കഴുവേറ്റി ഹനിച്ചീടൽ 
കൃഷിസംരക്ഷണത്തിന്നായ് കളപറിക്കും പോലെയാം

56. ദുർഭരണം 

പ്രജകളെ ദ്രോഹിക്കുന്ന നീതിയില്ലാത്തമന്നവൻ 
കൊലചെയ്തു നടക്കുന്ന ക്രൂരനേക്കാൾ മൃഗീയനാം 

ബലമായ്പ്രജയിൽ നിന്നും ധനം വാങ്ങുന്ന മന്നവൻ 
സായുധം മാർഗ്ഗമദ്ധ്യത്തിൽ കൊള്ള ചെയ്യുന്ന കള്ളനാം 

ദിനംതോറുമരങ്ങേറും നാട്ടിലേ നന്മതിന്മകൾ 
ആരാഞ്ഞു വാഴ്ച ചെയ്യാത്ത മന്നവൻ കെട്ടുപോയിടും 

നീതിന്യായങ്ങളില്ലാതെ ക്രൂരമായ് ഭരണം നീക്കും 
മന്നവൻ പൊരുളും, കൂടെ രാജ്യവും നഷ്ടമായിടും 

ദുഷ്ടമാം ഭരണത്താലേ തപിക്കും ജനബാഷ്പത്താൽ 
രാജശേഖരമാം  സമ്പത്തെല്ലാം കെട്ടു നശിച്ചിടും 

മന്നവൻ ശ്രുതി നേടുന്നു സ്വന്തം സൽഭരണത്തിനാൽ 
ഭരണം കെട്ടുപോയെന്നാൽ രാജൻ പേർ നിലനിന്നിടാ 

മാരിയില്ലാത്ത ഭൂഭാഗം വരളുന്നത് പോലവേ 
ദയയില്ലാത്ത രാജൻറെ പ്രജകൾ താപമാർന്നിടും 

നീതിയും മുറയും കെട്ട മന്നവൻ വാണിടുന്ന നാൾ 
ദരിദ്രരാം ജനത്തേക്കാൾ കഷ്ടമാം ധന്യജീവിതം 

രാജൻ തൻ ഭരണത്തിങ്കൽ നീതിയില്ലാതെയാവുകിൽ 
കാലാകാലങ്ങളിൽ മേഘം മഴനൽകാതെ പോയിടും 

നാടുകാക്കുന്ന മന്നൻറെ കാവൽ ജോലി പിഴക്കുകിൽ 
പശുക്കൾ പാൽ ചുരത്തൂല വേദമോർക്കില്ല ഭക്തർകൾ 

57. ദണ്ഢനം 

കുറ്റം ചെയ്തവനെ കയ്യാൽ പിടികൂടി, മനസ്സിലെ 
വാസനയൊഴിയാൻ നന്നായ് ദണ്ഢിക്കുന്നതു രാജനാം 

ദീർഘനാൾ ശക്തനായ് വാഴാൻ ആശിക്കുമരചൻ, മുമ്പിൽ
ഭാവം കഠിനമായ് കാട്ടി ദണ്ഢനം ലഘുവാക്കണം 

അക്രമഭരണത്താലേ ജനങ്ങൾ ഭീതരാകുകിൽ 
നിശ്ചയമതി വേഗത്തിൽ രാജൻ കെട്ടു നശിച്ചുപോം 

രാജൻ അക്രമിയാണെന്ന് ജനങ്ങൾ പറയും വിധം 
തിന്മകൾ പണിയും രാജൻ ആയുസ്സറ്റു നശിച്ചിടും 

ദർശനം ദുഷ്ക്കരം, കാൺകെ മുഖം വാടുന്ന മന്നവൻ 
നേടിവെച്ചുള്ള സമ്പാദ്യം പേയ് കാക്കും ദ്രവ്യമായിടും 

കഠിനവാണിയും ദയാരഹിതനുമായുള്ളവൻ 
നേടിവെച്ച ധനം മുറ്റുമതിവേഗം നശിച്ചുപോം 

ക്രൂരഭാഷണവും ശിക്ഷാക്കാഠിന്യമിവരണ്ടുമേ 
അരം പോൽ രാജശക്തിക്ക് നാശകാരണമായിടും 

മന്ത്രിമാരോടിണങ്ങാതെയകന്നു നിലനിന്നപിൻ 
കോപത്തോടെ സമീപിക്കും രാജവിത്തം നശിച്ചിടും 

രാജ്യരക്ഷക്കുപായങ്ങൾ മുൻകൂട്ടി ചെയ്തു വെക്കാത്ത 
മന്നൻ പോർവന്നു നേരിട്ടാൽ ഭയപ്പാടാൽ മുടിഞ്ഞിടും 

ക്രൂരവാഴ്ച നടത്തുന്ന രാജൻ തന്നുടെ മന്ത്രിയായ് 
അജ്ഞനെ സ്വീകരിച്ചീടുമിവർ ഭൂമിക്ക് ഭാരമാം 

58. ദൃഷ്ടിപാതം 

ദാക്ഷിണ്യമാം മനോഭാവം നിലനിൽക്കുന്ന ഹേതുവാൽ 
ഉലകം കേടുകൂടാതെ നിലനിൽക്കുന്നതു നിശ്ചയം 

ലോകകാര്യം നടക്കുന്നു ദാക്ഷിണ്യഗുണമുള്ളതാൽ;
ഭൂമിക്ക് ചുമടാകുന്നു ദയാരഹിതനാം പൂമാൻ 

രാഗരഹിതമായുള്ള ഗാനങ്ങൾ സുഖശൂന്യമാം 
ദയാഭാവം സ്ഫുരിക്കാത്ത ദൃഷ്ടിയും ഫലശൂന്യമാം 

മുഖത്തുണ്ടെന്ന് തോന്നിക്കും ദയകാട്ടാത്ത കണ്ണുകൾ 
അല്ലാതവളെക്കൊണ്ട് പ്രയോജനമൊട്ടില്ല താൻ 

നയനങ്ങൾക്കലങ്കാരം ദാക്ഷിണ്യമെന്ന നന്മയാം 
ആകയാൽ ദയതോന്നാത്ത കണ്ണുപുണ്ണെന്ന് ചോല്ലലാം 

കണ്ണിന്നുടമയായിടും ദയതോന്നാത്ത മാനുഷർ 
പ്രകൃത്യാ ദൃഷ്ടിയില്ലാത്ത പാദപാപങ്ങൾക്ക് തുല്യരാം 

ദയാദാക്ഷിണ്യമില്ലാത്തോർ കണ്ണില്ലാത്തവരായിടും 
കണ്ണൂള്ളോർ ദയകാട്ടാതെ ജീവിക്കുന്നതസാദ്ധ്യമാം 

സ്വന്തം തൊഴിലുകൾക്കൊട്ടും ഹാനിയേൽക്കാത്ത രീതിയിൽ 
ദയകാട്ടും ജനങ്ങൾക്കീയുലകം യോഗ്യമായതാം 

തിന്മചെയ്ത ജനത്തോടും പകപോക്കാതെ ശാന്തമായ് 
ദയാപൂർവ്വം ക്ഷമിക്കുന്നതതിശ്രേഷ്ഠസ്വഭാവമാം 

സ്നേഹിതർ നഞ്ചുചേർത്താലും നിരാക്ഷേപം ഭുജിച്ച പിൻ 
അവരോടുദയാപൂർവ്വം സ്നേഹിക്കൽ നാഗരീകമാം 

59. ചാരന്മാർ 

രഹസ്യാന്വേഷണം ചെയ്യും ദൂതനും, നീതിയോതിടും 
ഗ്രന്ഥവുമരചൻ തൻറെ രണ്ടു കണ്ണായ് ഗണിക്കണം 

എല്ലാ കൂട്ടത്തിലു മെല്ലായിടത്തും സംഭവിച്ചിടും 
സംഭവങ്ങളറിഞ്ഞീടൽ രാജൻ കർത്തവ്യമായിടും 

നാട്ടുകാര്യരഹസ്യങ്ങളെല്ലാം ദൂതൻ മുഖാന്തിരം 
കൈക്കലാക്കാത്ത ഭൂപാലൻ വിജയിക്കില്ല നിശ്ചയം 

തൊഴിൽ ചെയ്വവരെല്ലാരും സ്വന്തക്കാരോ, വിരോധിയോ 
എല്ലാം സൂക്ഷ്മം നിരീക്ഷിക്കൽ ചാരൻറെ തൊഴിലായിടും 

സംശയിക്കാത്ത വേഷത്തിൽ, നോക്കിൽ ചകിതനാവാതെ,
രഹസ്യം ഭദ്രമാക്കുന്നോൻ ചാരവേലക്ക് യോഗ്യനാം 

സന്യാസി വേഷത്തിൽ ശ്രേഷ്ഠ സങ്കേതങ്ങളിലേറിയും 
ദുരിതങ്ങൾ പേറി സ്വത്വം കാക്കുന്നോൻ ചാരയോഗ്യനാം 

ഒളിഞ്ഞ വാർത്തകൾ തേടിപ്പിടിക്കും, കേട്ടവാർത്തകൾ 
ഭയമില്ലാതെ പ്രസ്താവം നടത്തും ചാരധീരനാം 

രഹസ്യദൂതന്മാർ രണ്ടാൾ നൽകും വാർത്തകൾ യോജിച്ചാൽ 
സത്യമാണെന്ന് രാജൻ നിസ്സംശയം സ്വീകരിച്ചിടാം 

ചാരന്മാർ പലരന്യോന്യമറിവില്ലാതിരിക്കണം;
മൂവർ ഭാഷ്യമൊരേ രൂപമെങ്കിൽ സത്യമതായിടും 

ചാരന്മാർക്കരുളും നന്മ ഗോപ്യമായ്ത്തന്നെ ചെയ്യണം;
അല്ലേലാത്മരഹസ്യങ്ങൾ വെളിവാക്കിയ പോലെയാം.

60. ധീരത 

മനോധീരതയെന്നുള്ള ഗുണമേറെ വിശിഷ്ടമാം;
വ്യക്തി തൽഗുണമില്ലെങ്കിലൊന്നുമില്ലാത്ത മൂർത്തിയാം 

മനോധൈര്യമൊരുത്തന്ന് നിത്യമാം ധനമായിടും;
ഭൗതികധനമാകട്ടെ വിരവിൽ വിട്ടകന്നുപോം 

മനോബലമിരുപ്പോർക്ക് ധനനാശം ഭവിക്കുകിൽ 
നാശം വന്നുഭവിച്ചല്ലോയെന്ന് ക്ലേശിപ്പതില്ലവർ 

ലോകത്തിൽ ചേർത്തിവെക്കേണ്ടും ഭൗതികധനമൊക്കെയും 
ദൃഢമാനസനായോൻതൻ വഴിനോക്കിയണഞ്ഞിടും 

നീർനിരപ്പുയരും തോറും താമരപ്പൂവുയർന്നിടും;
ജീവിതത്തിലെഴും മേന്മ ധീരതക്കനുപാതമാം 

ചിന്തയെപ്പോഴുതും സ്വന്തം മേന്മയെപ്പറ്റിയാവണം;
മേന്മവന്നില്ലയെന്നാലും ചിന്തയുണ്ടായിരിക്കണം 

ഗജങ്ങൾ മുറിവേറ്റാലും ധീരമായ് മുന്നിൽ നിന്നിടും;
വീഴ്ച വന്നു ഭവിച്ചാലും തളരുന്നില്ല ധൈര്യവാൻ 

മഹത്വമുടയോനെന്നബഹുമാനം നടിക്കുവാൻ 
ധൈര്യമില്ലാത്തവൻ പാർത്താലർഹനായി ഭവിച്ചിടാ 

ഭീമമാം ദേഹവും കൂർത്ത ദന്തങ്ങളുമുണ്ടെങ്കിലും 
ധീരനാം പുലിയെക്കണ്ടാൽ ഭയന്നീടുന്നു ദന്തികൾ 

ധൈര്യമെന്ന ഗുണം തന്നെ മനുഷ്യന്ന് മഹത്വമാം;
രൂപം മനുഷ്യനായാലും ധൈര്യമില്ലാത്തവൻ തരു 


No comments:

Post a Comment