Sunday 1 July 2007

അദ്ധ്യായം 101-108

രണ്ടാം ഭാഗം: ഭൗതികപ്രകരണം

101. പിശുക്ക് 

സമ്പാദിച്ചു ഭുജിക്കാതെ സംരക്ഷിച്ചുമരിപ്പവൻ 
ധനം കൊണ്ടുപയോഗങ്ങൾ ലഭ്യമാവാത്ത നഷ്ടമാം 

ധനമായാലെല്ലാമായെന്നുള്ളാൽ കരുതി ലുബ്ധനായ് 
ജീവിക്കിൽ ശ്രേഷ്ഠമാം വാഴ്വു നഷ്ടപ്പെട്ടവനായിടും 

ധനമേറുന്ന ലക്ഷ്യത്തിൽ പുകഴിൽ പ്രിയമില്ലാതെ 
ജീവിപ്പോരിൻ ജഡം പാർത്താൽ ഭൂതലത്തിന്ന് ഭാരമാം 

അന്യർക്കുതവി ചെയ്യാതെയാരുമിഷ്ടപ്പെടാതവൻ 
കാലഗതിയടഞ്ഞെന്നാലവനെന്തുള്ളു സ്മാരകം?

ഉപഭോഗദാനങ്ങളാലുപയുക്തമായില്ലെങ്കിൽ 
എന്തുപുണ്യം ചൊരിക്കുന്നു ലുബ്ധൻ നേടിയ കോടികൾ?

തന്നത്താനുപഭോഗിക്കില്ലന്യർക്ക് ദാനമേകില്ല;
പൊരുളേറുന്നലുബ്ധൻറെ വാഴ്വുസ്വത്തിന്ന് രോഗമാം 

ദരിദ്രർക്കുതകാതുള്ള ലുബ്ധൻറെ ധനശേഖരം 
സൗന്ദര്യവതിമംഗല്യമാവാതെ വൃദ്ധയായ പോൽ 

ചരേയുള്ള ദരിദ്രർക്കും നന്മ ചെയ്യാത്ത ലോഭിയിൻ 
ധനമൂരിൻറെ മദ്ധ്യത്തിലെട്ടി വൃക്ഷം പഴുത്തപോൽ 

തുണയന്യർക്ക് നൽകാതെ ദാനധർമ്മം നടത്താതെ 
ഒരുക്കൂട്ടിയ സമ്പാദ്യമന്യന്മാർ കൈക്കലാക്കിടും 

പുകഴേന്തുന്ന സമ്പന്നൻ നേരിടും കാലവൈകൃതം 
ലോകരക്ഷകപർജന്യക്ഷാമത്തിന്നു സമാനമാം 

102. മാന്യത 

യോഗ്യമല്ലാത്ത കാര്യത്താലുള്ളിൽ തോന്നുന്ന ലജ്ജയാം 
ലജ്ജ; മറ്റുള്ള ഭാവങ്ങൾ സ്ത്രീസ്വഭാവ വികാരമാം 

അന്നമാടാദികൾ സർവ്വ ജീവികൾക്കനിവാര്യമാം 
ലജ്ജയെന്ന ഗുണം മർത്ത്യവംശജർക്ക് വിശിഷ്ടമാം 

ഉയിർകൾ നിലനിൽപ്പിന്നായാശ്രയിക്കുമുടൽകളെ 
ഉൽകൃഷ്ടഗുണമാം ലജ്ജ സംസ്കൃതന്ന് നിദാനമാം 

സജ്ജനങ്ങൾക്കലങ്കാരം മാനമാകുന്ന സൽഗുണം 
ലജ്ജയില്ലാത്തവൻമാന്യ നടിപ്പെന്നത് രോഗമാം 

അന്യർക്കിഴിവ് നേരിട്ടാൽ തനിക്കെന്നോർത്ത് ലജ്ജിപ്പോർ 
ലജ്ജാശീലത്തിന്നുറവാണെന്ന് ലോകർ കഥിച്ചിടും 

യോഗ്യന്മാർക്ക് സുരക്ഷക്കായ് വേലിയാകുന്നു മാന്യത;
വിസ്തൃത ഭൂമിയിൽ നീണാൾ രമിക്കാനാഗ്രഹിച്ചിടാ 

മാനം കെട്ടുയിർ വാഴാനായാശിക്കായോഗ്യരായവർ 
മാനസംരക്ഷനത്തിന്നായ് ജീവത്യാഗം വരിച്ചിടും 

അന്യർ ലജ്ജിച്ചിടും കാര്യം മാനം നോക്കാതെ ചെയ്യുകിൽ 
ധർമ്മബോധമിഴന്നോനെന്നുള്ള കാര്യം സുനിശ്ചിതം 

തത്വം മീറി നടന്നാകിൽ കുലം കെട്ടവനായിടാം 
മാനഹാനി വരുത്തീടിൽ നന്മയെല്ലാമൊഴിഞ്ഞിടും 

അഭിമാനവികാരങ്ങളില്ലാതെ കഴിയുന്നവർ 
കയർ കെട്ടി വലിക്കുന്ന മരപ്പാവകൾ പോലെയാം

103. പൗരത്വം 

സമൂഹത്തിൻറെ മേന്മക്കായ് യത്നം ചെയ്വാൻ നിയുക്തനായ് 
കർമ്മം ചെയ്യുന്നവൻ മേന്മ തുല്യമില്ലാത്ത മേന്മയാം 

അവശ്യം വേണ്ടവിജ്ഞാനമുത്സാഹമിവരണ്ടുമായ് 
പ്രയത്നം തുടരെ ചെയ്താൽ സമൂഹം വളരുന്നതാം 

ഒരുത്തൻ ദേശനന്മക്കായ് പ്രയത്നിക്കാൻ തുനിഞ്ഞീടിൽ അരമുറുക്കിത്തയ്യാറായ് വിധിതന്നെ തുണച്ചിടും 

നാടിൻറെ നന്മ ലാക്കാക്കിയത്യദ്ധ്വാനം നടകത്തുകിൽ 
പ്രതീക്ഷയിൽ കവിഞ്ഞുള്ള വിജയം കൈവരിച്ചിടാം 

കുറ്റമറ്റവനായ്, നാട്ടിൻ നന്മലക്ഷ്യമിടുന്നതായ് 
വാഴുകിൽ ജനമാമോദിച്ചവനെ ചുറ്റിവാഴ്ത്തിടും 

താൻ പിറന്നു വളർന്നുള്ള നാട്ടിൻ ഭരണമേൽക്കുവാൻ 
യോഗ്യനായ് ചമയുന്നെങ്കിലതു പൗരുഷമായിടും 

പോർക്കളത്തിലനേകം പേർക്കിടയിൽ വീരർ മുമ്പിലാം;
നാട്ടാരിൽ പ്രാപ്തനയോൻറെ ചുമലിൽ ഭാരമേർപ്പെടും 

നിരന്തരം കർമ്മം ചെയ്തു നാടിൽ വൃദ്ധിവരുത്തണം 
മാനം നോക്കിമടിഞ്ഞെന്നാൽ മഹത്വം കെട്ടുപോയിടും 

നാട്ടിൽ ദോഷം ഭവിക്കാതെ കാത്തുരക്ഷിച്ചു നിൽപ്പവൻ;
തന്നുടമ്പതിനാൽ ദുഃഖം പേറാൻ കാരണമാകുമോ?

ദുഃഖത്തിൽ തണ്ടിനൽകാനായ് കഴിവോരില്ലയെങ്കിലോ 
കോടാലിയാൽ മരം പോലെ നാടുവീണു നശിച്ചിടും 

104. കൃഷി 

എളുതാം തൊഴിൽകൾ നോക്കി പലരും സ്വീകരിക്കിലും 
ശ്രമമാമൂഴവിൻ ജോലി ശ്രേഷ്ഠമാം തൊഴിലായിടും 

കൃഷിക്കാരുലകത്താരെ സംരക്ഷിക്കുന്ന കാരണാൽ 
ലോകരഥത്തിനച്ചാണിയെന്നവർ പറയപ്പെടും 

കൃഷിചെയ്തുൺ പവർ വാഴാനവകാശികളായവർ;
മറ്റോരവരെ പിൻപറ്റിയാശ്രയിച്ചു കഴിപ്പവർ 

നെല്ലുൽപ്പാദനമേറുമ്പോൾ കർഷകൻ കരുതുന്നതാം;
സർവ്വരാജ്യങ്ങളും തൻറെ രാജ്യത്തിൻ കീഴിലാവണം 

തൊഴിൽ ചെയ്തുയിർവാഴുന്നോർ യാചകത്തിനിറങ്ങിടാ 
ഭിക്ഷതേടിയടുപ്പോർക്ക് ശക്തിപോലെ കൊടുത്തിടും 

കർഷകൻ തൻറെ യത്നങ്ങൾ തൊഴിലിൽ പിൻവലിക്കുകിൽ 
അന്നവും, ത്യാഗിവര്യന്മാർ ചര്യതാനും മുടങ്ങിടും 

നിലം പൂട്ടിമറിച്ചിട്ട്വെയിലിൽ കായവെക്കുകിൽ 
വളം ചേർക്കാതിരുന്നാലും വിളവേറെ ലഭിപ്പതാം 

പാകത്തിന്ന് വളംചേർക്കലുഴവിലും പ്രധാനമാം 
കളനീക്കി; ജലം പായ്ക്കലേക്കാൽ മുഖ്യം സുരക്ഷയാം 

കൃഷിയേറ്റും നിലം നിത്യം സന്ദർശിച്ചു പുലർത്തണം 
അല്ലായ്കിൽ പത്നിയെപ്പോലെ സ്നേഹത്തോടെ വെറുത്തിടും 

അലസൻ കർഷകൻ തൻറെ ദാരിദ്ര്യത്തിൽ തപിക്കവേ 
നല്ലവൾ ഭൂമിമാതാവോ തന്നുള്ളാലേ ഹസിക്കയാം 

105. ദാരിദ്ര്യം 

ദാരിദ്ര്യം പോൽ മനുഷ്യന്ന് താപഹേതുകമായതായ് 
വസ്തുവേതെന്ന് ചിന്തിച്ചാൽ ദാരിദ്ര്യമെന്ന് കാണലാം 

ദാരിദ്ര്യമാം കൊടും പാവി വന്നണഞ്ഞൊട്ടി നിൽക്കുകിൽ 
ഇരുലോകത്തിലും സൗഖ്യം നിശ്ചയം നഷ്ടമായിടും 

ക്ഷാമം വന്നു ഭവിച്ചെന്നാൽ യോഗ്യൻ തൻറെ കുലത്തിനും 
പഴക്കം ചെന്നകേൾവിക്കുമൊരുപോൽ ഹാനിയേർപ്പെടും 

ഉന്നതകുലജാതർക്കും ദാരിദ്ര്യം വന്നണഞ്ഞീടിൽ 
ഹീനവാക്കുകൾ കേൾപ്പിക്കും വീഴ്ചകൾ വന്നുപെട്ടിടും 

ക്ഷാമകാലം സമീപിച്ചാൽ പരിവാരങ്ങളെന്നപോൽ 
ചെറുതാം ദുഃഖഹേതുക്കളോരോന്നാവിർഭവിച്ചിടും 

അഭ്യസ്തവിദ്യനായാലും ക്ഷാമം ബാധിച്ചിരിക്കവേ 
സദ്വാക്യങ്ങളുരച്ചാലുമാർക്കും സ്വീകാര്യമായിടാ 

ധർമ്മത്തിന്നിണയാവാത്ത വറം ബാധിച്ച വേളയിൽ 
അന്യനെപ്പോലെ കാണുന്നു പെറ്റതായും വിചിത്രമായ് 

ഇന്നലെക്കൊല ചെയ്വാനായ് പിടികൂടിയ ദൈന്യത 
ഇന്നും വന്നണയുന്നല്ലോയെന്നു നിത്യം തപിച്ചിടും 

അഗ്നിമേലേ ശയിച്ചാലും നിദ്ര കൊൾവാൻ കഴിഞ്ഞിടാം;
ദാരിദ്ര്യപീഡയേൽക്കുമ്പോഴൊരു പോതുമുറങ്ങിടാ 

ജീവിതഗതിയില്ലാത്തോർ സന്യസിക്കാത്തതെന്തിനാൽ?
പരാശ്രയത്തിനാൽ വാഴാമെന്ന ധാരണയുള്ളതാൽ 

106. ഭിക്ഷാടനം 

തക്കവ്യക്തികളെക്കണ്ടാലെത്തിയാചന ചെയ്യലാം 
ഭിക്ഷനൽകാതൊഴിഞ്ഞീടിലപ്പാപമവർക്കുള്ളതാം 

ഇരക്കും പൊരുൾ മുട്ടാതെയെളുതായ് ലഭ്യമാകുകിൽ 
അത്തരത്തിലിരന്നീടൽ സന്തോഷകരമായിടാം 

ഉദാരശീലരായുള്ള ശുദ്ധമാനസർ മുന്നിലായ് 
യാചനം ചെയ്കയെന്നാകിലതിലും ഭംഗികാണലാം 

നിദ്രയിലുമൊളിക്കാത്ത തന്മയുള്ളോരിടത്തു പോയ് 
യാചിപ്പതു ദാനംപോലെ യോഗ്യമെന്നുര ചെയ്യലാം 

ദാനശീലം വിടാതുള്ള സജ്ജനം സമുദായത്തിൽ 
നിലനിൽപ്പുള്ളതാൽ ഭിക്ഷാടനം നാട്ടിൽ നടക്കയാം 

ഭിക്ഷാദാനം കൊടുപ്പോരെ യാചകൻ നേരിടുമ്പൊഴേ 
വറുതിയാലുള്ള താപമറുതി നേരിടുന്നതാം 

ഹീനവാക്യമുരക്കാതെ തൃപ്തിയിൽ ഭിക്ഷനൽകിയാൽ 
യാചകന്നകമാനന്ദം കൊണ്ടു നിർഭരമായിടും 

ഭിക്ഷാടാകരില്ലാവീട്ടാൽ ഭുമുഖത്തുള്ള ജീവിതം 
കയറാൻ ചലിക്കുംപോലാം മരത്തിൽ ചെയ്ത പാവകൾ 

യാചിച്ചു പൊരുൾ കൈക്കൊള്ളാൻ യാചകകുലമില്ലയേൽ 
ദാനശീലമിയന്നുള്ളോർ പുകൾ നേടുന്നതെങ്ങിനെ?

യാചകൻ ഭിക്ഷ കിട്ടാഞ്ഞാൽ കോപം കൊള്ളാതിരിക്കണം 
സ്വന്തം വറുതിദുഃഖത്തിൽ നിന്ന് പാഠം പഠിക്കണം 

107. യാചിക്കായ്ക 

സ്നേഹത്തോടെ കൊടുക്കുന്ന കൺപോൽ നല്ലോരിടത്തിലും 
യാചിക്കാതിരുന്നീടിൽ കോടി നന്മ വിളഞ്ഞിടും 

ചിലരേ ജീവകാലത്തിലിരപ്പാനായ് വിധിച്ചെങ്കിൽ 
സൃഷ്ടാവുമവരെപ്പോലെ കറങ്ങാനിടയാവണം 

വറത്താലുള്ള ദുഃഖങ്ങളിരപ്പാൽ തീർത്തിടാമെന്ന 
കരുത്തിന്നുള്ള മാഹാത്മ്യം തുല്യമില്ലാത്തതായിടും 

ക്ഷാമം കഠിനമായിട്ടുമിരക്കില്ലെന്നുറക്കുന്ന 
മനസ്സിൻറെ മഹത്വം ഭൂലോകമെങ്ങും നിറഞ്ഞിടും 

അദ്ധ്വാനത്താൽ ലഭിക്കുന്ന ഭക്ഷണം താഴ്ന്നതാകിലും 
ഇതരഭോജനക്കാളേറ്റം രോചകമായിടും 

പശുവിന്ന് കൊടുപ്പാനാണെങ്കിലും ജലയാചന 
ധർമ്മകർമ്മത്തിനായിടും നാവിന്നിഴിവ് ചേർത്തിടും 

ഇരക്കേണമെന്നുണ്ടെങ്കിലൊളിപ്പോരരികത്ത് പോയ് 
ഇരക്കാതെന്നിരപ്പോരോടിരന്നു നിർദ്ദേശിച്ചു ഞാൻ 

ഭിക്ഷയാം വഞ്ചിയിൽക്കൂടി ദാരിദ്ര്യക്കടൽതാണ്ടവേ 
ഒളിപ്പോർ പാറമേൽതട്ടി യാനപാത്രം തകർന്നുപോം 

ഭിക്ഷയിൻ കഠിനം പാർത്താലുള്ള മുരുകിടും ദൃഢം 
നിഷേധിക്കുന്നതോർക്കുമ്പോൾ മരണത്തോടടുത്തിടും  

ഇല്ലായെന്ന പദംകേട്ടാലിരപ്പോർക്കതിറപ്പുതാൻ 
പൊരുൾ പൂഴ്ത്തുന്ന സമ്പന്നനാത്മാവെങ്ങു മറച്ചിടും?

108. അധമത്വം 

ശിഷ്ടരായ മനുഷ്യർ പോൽ തന്നെ കാഴ്ചക്ക് ദുഷ്ടരും 
ഇതുപോൽ രൂപസാദൃശ്യം കാണ്മതില്ലൊരിടത്തിലും 

അറിവുള്ളവനേക്കാളും ഭാഗ്യവാൻ ദുഷ്ടനായിടും 
ദുഃഖം തോന്നേണ്ടതില്ലല്ലോ ദുഷ്ടന്നൊരു കാര്യത്തിലും 

ദുഷ്ടരാമധമർ പാർത്താൽ ദേവന്മാർക്ക് സമാനമാം 
തോന്നും കർമ്മങ്ങൾ ചെയ്തിട്ടും തോന്നും പോലെ നടക്കലാം 

തന്നേ വന്ദിച്ചിടുന്നോനെ ദുഷ്ടൻ കാണുമ്പൊഴൊക്കെയും 
അവൻ മുന്നിൽ മഹായോഗ്യനെന്ന ഭാവം നടിച്ചിടും 

ശിക്ഷയിൽ ഭയമൊന്നേ താൻ ദുഷ്ടന്മാർക്ക് നിയന്ത്രണം 
പൊരുളേകുന്ന മാർഗ്ഗേണ ദുഷ്ടന്മാരെയടക്കലാം 

ദുഷ്ടൻ കേൾക്കും രഹസ്യങ്ങളൂരുചുറ്റിപ്പരത്തിടും 
പറവെച്ചറിയിക്കുന്ന ഗ്രാമക്കോൽക്കാരനാണയാൾ 

ആക്രമക്കഴിവുള്ളോരിൽ ഭയം അധമരീതിയാം 
ഇതരർക്കെച്ചിലായാലും കൊടുത്തുതവി ചെയ്തിടാ 

സൂചനാമൊഴിനൽകുമ്പോൾ സജ്ജനം നേരെയായിടും 
ദുഷ്ടരേ മർദ്ദമേൽപ്പിച്ചു ഞെരിക്കേണം കരിമ്പുപോൽ 

അന്യരുണ്ണുന്നതും നന്നായുടുക്കുന്നത് കാണുകിൽ 
കശ്മലന്മാരസൂയയാലവരിൽ കുറ്റമോതിടും 

ആപത്ത് വന്നു ചേരുമ്പോൾ ദുഷ്ടനോടിത്തളർന്ന പിൻ 
സ്വയം വിൽക്കാനൊരുങ്ങീടുമല്ലാതെന്തവനാൽ ഗുണം?


No comments:

Post a Comment